പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിലെ കുട്ടികളുടെ പാർക്കായ വർണക്കൂടാരത്തിൽ വിരുന്നെത്തിയ ചിത്രശലഭങ്ങൾ വർണപ്രപഞ്ചമൊരുക്കി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പാകി മുളപ്പിച്ച കിലുക്കി ചെടികളിൽ കരിനീലി കടുവാശലഭങ്ങൾ കൂട്ടത്തോടെ എത്തുകയായിരുന്നു. കുട്ടികൾക്ക് കൗതുകം പകർന്ന് ഇടയ്ക്കിടെ അവ ക്ലാസ് മുറികളിലും എത്തുന്നുണ്ട്. സ്കൂൾ വളപ്പിൽ ശലഭോദ്യാനമൊരുക്കാനുളള സ്കൂൾ അധികൃതരുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. പിടിഎയുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരുക്കിയ തണലിടത്തിലെ ഡിവിഡിവി മരം പൂത്തതോടെ അവയിലും വൈവിധ്യമാർന്ന പൂമ്പാറ്റകളാണ് പാറിപ്പറക്കുന്നത്.
ഇതിലൂടെ വിദ്യാർഥികൾക്ക് ശലഭനിരീക്ഷണത്തിനുള്ള സാധ്യതകൾക്കും വഴിയൊരുങ്ങി. കിലുക്കിച്ചെടിയുടെ വിത്തുകൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി അവരുടെ വീടുകളിലും ശലഭോദ്യാനമൊരുക്കാനുള്ള പദ്ധതിക്കും അധ്യാപകർ നേതൃത്വം നൽകിവരുന്നു. ഇത്തരം വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വർണപ്രഭ വിടർത്തുകയാണിപ്പോൾ വിരുന്നെത്തിയ ചിത്രശലഭങ്ങൾ.